ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ വിവേകം കൈവിടുന്ന പ്രതിഷേധമുറകള്‍ - 27 September 2012 - Blog - iicq8daawa
Welcome, Guest
Home » 2012 » September » 27 » ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ വിവേകം കൈവിടുന്ന പ്രതിഷേധമുറകള്‍
11:47 AM
ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ വിവേകം കൈവിടുന്ന പ്രതിഷേധമുറകള്‍

ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ വിവേകം കൈവിടുന്ന പ്രതിഷേധമുറകള്‍

അമേരിക്കന്‍ സിനിമ ദി ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ അറബ്‌ ലോകത്ത്‌ ഉയര്‍ത്തിയ വിവാദക്കൊടുങ്കാറ്റ്‌ തുടരുകയാണ്‌. ഈ വര്‍ഷം ആദ്യമാണ്‌ സിനിമ ഹോളിവുഡില്‍ പ്രദര്‍ശനത്തിനെത്തിയത്‌. സിനിമ പൂര്‍ണ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലെ 13 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഈജിപ്‌തിലെ ഒരു കോപ്‌റ്റിക്‌ ക്രിസ്‌ത്യന്‍ അറബിയിലേക്ക്‌ ഡബ്ബ്‌ ചെയ്‌തു ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ്‌ കലാപം പൊട്ടിപ്പുറപ്പെട്ടത്‌.

ലിബിയയില്‍ അമേരിക്കന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളുടെ വധത്തിലേക്ക്‌ നയിച്ച സിനിമയുടെ ട്രെയിലര്‍ ഇപ്പോഴും യൂട്യൂബില്‍ കാണാം. ചിത്രത്തില്‍ ഏതാനും ഭാഗങ്ങളില്‍ മുഹമ്മദ്‌ നബിയെ ചിത്രീകരിക്കുന്നുണ്ട്‌. ഇസ്‌ലാമിക വിശ്വാസപ്രകാരം അനുവദനീയമല്ലാത്തതാണ്‌ ഇത്‌. യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച 13 മിനിറ്റ്‌ ചിത്രത്തിലും ഈ ഭാഗങ്ങളുണ്ട്‌. കൂടാതെ, 2010ല്‍ ഖുര്‍ആന്‍ കത്തിച്ച്‌ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്‌ത അമേരിക്കന്‍ പാസ്റ്റര്‍ ടെറി ജോണ്‍സിന്‍െറ നിലപാടുകളെ ന്യായീകരിക്കുന്ന വിധമാണ്‌ ഈ സിനിമയും ചിത്രീകരിച്ചിട്ടുള്ളത്‌.
അഞ്ച്‌ മില്യന്‍ അമേരിക്കന്‍ ഡോളര്‍ ചിലവഴിച്ച്‌ നൂറിലധികം സയണിസ്റ്റ്‌ സംഘടനകളുടെ സഹായത്തോടെയാണ്‌ ദി ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഈ സിനിമക്കെതിരെ പ്രതിഷേധവുമായി മിക്ക രാജ്യങ്ങളിലും മുസ്‌ലിംകള്‍ രംഗത്തിറങ്ങുകയുണ്ടായി. ഈജിപ്‌ത്‌, സുഡാന്‍, തുനീഷ്യ, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കാലശിക്കുകയും ഒട്ടനവധി ആളുകള്‍ കൊല്ലപ്പെടുകയും, പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്യുകയുണ്ടായി. ഇതില്‍ ലിബിയയിലെ ബംഗാസിയില്‍ നടന്ന അമേരിക്കന്‍ കോണ്‍സുലേറ്റ്‌ അക്രമവും സ്ഥാനപതിയുടെ മരണവും തുടര്‍ന്നുള്ള സംഭവങ്ങളും റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ ഒബാമയെയും ഡെമോക്രാറ്റിക്കുകളെയും അടിക്കാനുള്ള വടി നല്‍കിയിരിക്കുകയാണ്‌.
ചിത്രത്തിന്റെ നിര്‍മാതാവിന്റെ പേര്‌ സാം ബാക്കില്‍ എന്നാണെന്ന്‌ കരുതപ്പെടുന്നു. ഇയാള്‍ ഇസ്‌റാഈല്‍ വംശജനാണ്‌. ഇസ്‌ലാം ഒരു അര്‍ബുദമാണെന്ന്‌ അഭിപ്രായപ്പെട്ട ബാക്കില്‍ തന്റേത്‌ ഒരു രാഷ്‌ട്രീയ സിനിമയാണെന്ന്‌ അവകാശപ്പെട്ടു. മുഹമ്മദ്‌ നബി ബാല ലൈംഗികതയ്‌ക്കും മറ്റും അനുവാദം നല്‍കിയ സ്‌ത്രീലോലുപനായിരുന്നുവെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബാക്കില്‍ ആവര്‍ത്തിക്കുകയുണ്ടായി. വിവാദം കത്തിപ്പടര്‍ന്നതോടെ ബാക്കിലിനെ കാണാതായിട്ടുണ്ട്‌. അക്രമം ഭയന്ന്‌ അയാള്‍ അജ്ഞാത കേന്ദ്രത്തിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം സാം ബാക്കില്‍ എന്നതൊരു വ്യാജ നാമമാണെന്നു സംശയിക്കുന്നവരുമുണ്ട്‌. സാം ബാക്കിലിന്റെ തന്നെ വിവരണ പ്രകാരം ബാക്കില്‍ കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന ഒരു ഇസ്‌റാഈലി റിയല്‍ എസ്‌റ്റേറ്റ്‌ ഡെവലപ്പര്‍ ആണ്‌.
ഇസ്‌ലാമിനെ ജൂതന്മാര്‍ പരമ്പരാഗതമായി പറഞ്ഞുപോരുന്ന ആരോപണങ്ങളില്‍ നിന്ന്‌ വിഭിന്നമായി പുതിയതൊന്നും ഇതിലില്ല. നബി(സ)ക്ക്‌ മദീനാ ജീവിത കാലഘട്ടത്തില്‍ ജൂതന്‍മാരില്‍ നിന്ന്‌ നേരിട്ടതുമായി തുലനം ചെയ്യുമ്പോള്‍ സിനിമയിലെ ആ രോപണങ്ങള്‍ തുച്ഛമാണെന്ന്‌ കൂടി നമുക്ക്‌ ബോധ്യപ്പെടും. നബി (സ)യുടെ മരണവേളയില്‍, പത്‌നി ആയിശ(റ)യോട്‌ അവിടുന്ന്‌ പറയുന്നുണ്ട്‌: ഖൈബറില്‍ വെച്ച്‌ ജൂത സ്‌ത്രീ നല്‍കിയ വിഷം കലര്‍ന്ന വെള്ളത്തിന്റെ ഭവിഷ്യത്ത്‌ ഞാന്‍ അനുഭവിക്കുന്നു. എന്നാല്‍ ആ സ്‌ത്രീക്ക്‌ പോലും അവിടുന്ന്‌ മാപ്പ്‌ കൊടുത്തു എന്ന്‌ ചരിത്രഗ്രന്ഥങ്ങളില്‍ കാണാം.
മുസ്‌ലിംകള്‍ സാമൂഹ്യവിരുദ്ധരാണെന്നും പ്രബുദ്ധമായ ഒരു ലോകക്രമത്തില്‍ അവരുടെ സാന്നിധ്യം ഉപദ്രവം മാത്രമേ വരുത്തൂ എന്നും പ്രചരിപ്പിക്കാന്‍ നിലവിലുള്ള സംഭവങ്ങളെ കൗശല ബുദ്ധിയോടെ ഉപയോഗപ്പെടുത്തുന്നവരും വിരളമല്ല. ഇസ്‌ലാമോഫോബിയ ശക്തിപ്പെടാന്‍ മാത്രമേ ഇത്തരം പ്രതിഷേധ മുറകള്‍ ഉപകരിക്കുകയുള്ളൂ. ഇത്തരം സംഭവങ്ങളെ ഒരിക്കലും പ്രാമാണികമായി സാധൂകരിക്കാന്‍ കഴിയില്ല. മാത്രമല്ല മുസ്‌ലിംകളെ വൈകാരികമായി ഇളക്കിവിടുക എന്ന എതിര്‍ചേരിയുടെ അജണ്ടയെ സഹായിക്കുക കൂടി ചെയ്യുകയാണ്‌ അപക്വവും പ്രമാണവിരുദ്ധവുമായ പ്രതിഷേധങ്ങള്‍. അമേരിക്കന്‍ ഭരണകൂടത്തിനു പ്ര ത്യക്ഷത്തില്‍ സിനിമ നിര്‍മാണവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി അറിയില്ല.
തനിക്കെതിരെ ശാപാഭിവാദ്യവുമായി കടന്നുവന്ന ജൂതന്മാരോടും അതിന്നെതിരില്‍ വൈകാരികമായി പ്രതികരിച്ച അവിടുത്തെ പ്രിയപത്‌നി ആയിശ(റ)യോടും പ്രവാചകന്‍(സ) സ്വീകരിച്ച പക്വമായ നിലപാടുകള്‍ ബുഖാരിയടക്കമുള്ള ഹദീസ്‌ സമാഹാരങ്ങളില്‍ കാണാം. ആയിശ(റ) ഉദ്ധരിക്കുന്നു: നബി(സ)യുടെ അടുക്കലേക്ക്‌ ജൂതന്മാര്‍ കടന്നുവന്നു. അനന്തരം `നിനക്ക്‌ നാശം ഭവിക്കട്ടെ' എന്ന്‌ അഭിവാദനം ചെയ്‌തു. (ഇസ്‌ലാമിലെ അഭിവാദന വചനമായ സലാമിനോട്‌ സാദൃശ്യമുള്ള `സാം'എന്ന പദനാമമാണവര്‍ ഉപയോഗിച്ചത്‌). ഇത്‌ കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: `നിങ്ങള്‍ക്കും.' അപ്പോള്‍ ആയിശ(റ) പറഞ്ഞു: `നിങ്ങള്‍ക്ക്‌ നാശം ഭവിക്കട്ടെ, അല്ലാഹു നിങ്ങളെ ശപിക്കട്ടെ, നിങ്ങളോട്‌ കോപിക്കുകയും ചെയ്യട്ടെ.'' ഇതുകേട്ട്‌ നബി(സ) പറഞ്ഞു: `ആയിശ അടങ്ങുക, നീ സൗമ്യത കൈക്കൊള്ളുക, പാരുഷ്യത്തിലേക്കോ അസഭ്യതയിലേക്കോ നീങ്ങുന്നത്‌ സൂക്ഷിക്കണം.' ആയിശ(റ) ചോദിച്ചു: `അവര്‍ പറഞ്ഞത്‌ എന്തെന്ന്‌ അങ്ങ്‌ കേട്ടില്ലേ?' അവിടുന്ന്‌ പറഞ്ഞു: `ഞാന്‍ പറഞ്ഞത്‌ നീ കേട്ടില്ലേ? എന്റെ പ്രത്യഭിവാദ്യത്തിന്‌ ഉത്തരം നല്‍കപ്പെടും. എന്നാല്‍ അവര്‍ക്കാകട്ടെ അതുണ്ടാകില്ല.'' (ബുഖാരി 6038)
ഇസ്‌ലാമിനെതിരില്‍ ഇടയ്‌ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുഷ്‌പ്രചാരണങ്ങളെ പോസിറ്റീവായി കാണാന്‍ നാം തയ്യാറാകണം. `നിങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രയാസകരമായി തോന്നുന്നുവെങ്കില്‍ അത്‌ നന്മയില്‍ കലാശിച്ചേക്കാം' എന്ന ഖുര്‍ആനിക വചനം പ്രശ്‌നങ്ങളെ ശുഭാപ്‌തി വിശ്വാസത്തോടെ സമീപിക്കാന്‍ പ്രേരണ നല്‍കണം. സപ്‌തംബര്‍ 11ലെ സംഭവങ്ങളില്‍ ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തിയതിന്റെ പേരില്‍ മഹാവിപത്തുകള്‍ക്ക്‌ മുസ്‌ലിംസമൂഹം വിധേയമാവുകയുണ്ടായി. പക്ഷെ അതിനു ശേഷം 2007 സപ്‌തംബര്‍ വരെയുള്ള കാലയളവില്‍ 1.5 മില്യനില്‍ അധികം ആളുകള്‍ ഇസ്‌ലാമിലേക്ക്‌ കടന്നുവരുന്നതിനുള്ള നിമിത്തമായി ആ സംഭവം മാറി എന്ന്‌ അമേരിക്കന്‍ ന്യൂസ്‌ചാനലായ സി എന്‍ എന്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. സമാനമായ കുറെ സംഭവങ്ങളുടെ പരമ്പര തന്നെ ദ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്തൊക്കെ തമസ്‌കരണ ശ്രമങ്ങള്‍ ഉണ്ടായാലും ഇസ്‌ലാമിനെ പഠിക്കാനും മനസ്സിലാക്കാനും സന്നദ്ധരായ ഒരു വിഭാഗം അനുവാചകര്‍ക്കിടയില്‍ ഉണ്ടെന്നുള്ള അവബോധം ഇത്തരം വാര്‍ത്തകളിലൂടെ നാം നേടിയെടുക്കേണ്ടതുണ്ട്‌. അതിനാല്‍ പ്രതികരിക്കുന്ന രീതിയെ പറ്റി സുവ്യക്തമായ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കണം. പ്രതികരണം പക്വമല്ലെങ്കില്‍ സമൂഹം ഇസ്‌ലാമിനെ തള്ളിപ്പറയുകയും മുസ്‌ലിംകളെ ഒറ്റപ്പെടുത്തുകയും ചെയ്യും. ഇതിന്നര്‍ഥം മിണ്ടാതിരിക്കുക എന്നതല്ല.
പ്രതികരണത്തിന്റെ സീമകളെ നിര്‍ണയിക്കുന്ന ഉദാത്തമായ മാതൃകകള്‍ ഖുര്‍ആനിലും പ്രവാചകചര്യയിലും ഏറെയുണ്ട്‌. പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ ഏറെ മാനസിക വഴക്കവും സഹനവും അവലംബിക്കണമെന്നു മാത്രം. ഒരു സമൂഹത്തെ വികാരത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ വാചാലതയും വാക്കും മതി. അതിജീവനത്തിന്റെ കനല്‍പഥങ്ങളിലൂടെ അത്‌ അനുയായികളെ നയിക്കില്ല. മാധ്യമങ്ങളുടെ കവറേജോ മൂക്കിന്‍തുമ്പത്ത്‌ മതമിരിക്കുന്നവരുടെ വൈകാരിക പിന്തുണയോ ഈ പരിപക്വ നിലപാടുകള്‍ക്ക്‌ ലഭിച്ചുകൊള്ളണമെന്നില്ല. പക്ഷെ, മനുഷ്യകുലത്തിന്‌ കിട്ടിയ അവസാനത്തെ സുവിശേഷമെന്ന നിലയില്‍ ഇസ്‌ലാമിനെ ഏറെക്കുറെ തിരകളടങ്ങിയ സമാധാനാന്തരീക്ഷത്തില്‍ പ്രാവര്‍ത്തികമാക്കാനും പ്രബോധനം നടത്താനും അതാണ്‌ കൂടുതല്‍ സഹായിക്കുക

Views: 184 | Added by: defaultNick | Rating: 0.0/0
Total comments: 0
Name *:
Email *:
Code *: